Saturday 18 June 2011

പെട്രോളിയം കുംഭകോണം കേന്ദ്ര സര്‍ക്കാര്‍ പ്രതിക്കൂട്ടില്‍


ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരിനെതിരെ വീണ്ടും  സി.എ.ജിയുടെ റിപ്പോര്‍ട്ട്.  സ്വകാര്യ എണ്ണക്കമ്പനികളുടെ പര്യവേക്ഷണച്ചെലവ്‌ പെരുപ്പിച്ചുകാട്ടി, കേന്ദ്ര സര്‍ക്കാരിനു ലഭിക്കേണ്ടിയിരുന്ന ഭീമമായ തുക റിലയന്‍സും മറ്റു രണ്ടു കമ്പനികളും തട്ടിയെടുക്കാന്‍ പെട്രോളിയം മന്ത്രാലയം കൂട്ടുനിന്നതായി കംപ്‌ട്രോളര്‍ ആന്‍ഡ്‌ ഓഡിറ്റ്‌ ജനറലിന്റെ (സി.എ.ജി.) കരടു റിപ്പോര്‍ട്ട്. മുകേഷ്‌ അംബാനിയുടെ റിലയന്‍സ്‌ ഇന്‍ഡസ്‌ട്രീസുമായുള്ള ഇടപാടില്‍ മാത്രം 30000 കോടി രൂപയോളം കേന്ദ്ര ഖജനാവിനു നഷ്‌ടമായിട്ടുണ്ടെന്നാണു പ്രാഥമിക നിഗമനം. ഇതേക്കുറിച്ച്‌ സി.ബി.ഐ. അന്വേഷണം തുടങ്ങി. സംഭവം വിവാദമായതോടെ പെട്രോളിയം മന്ത്രാലയത്തിലെ ഉന്നതര്‍ സി.ബി.ഐ. നിരീക്ഷണത്തിലാണ്‌. സി.എ.ജിയുടെ അന്തിമറിപ്പോര്‍ട്ട്‌ വന്നാലുടന്‍ അന്വേഷണം സി.ബി.ഐ. ഏറ്റെടുക്കുമെന്നാണു സൂചന.
ആന്‌ധ്രയിലെ കൃഷ്‌ണ-ഗോദാവരി തടത്തിലെ എണ്ണ പര്യവേക്ഷണക്കരാറിലെ തുകയാണു റിലയന്‍സ്‌ പെരുപ്പിച്ചു കാട്ടിയത്‌. കൂടാതെ  രാജസ്‌ഥാനിലെ ബാര്‍മേറില്‍ പര്യവേക്ഷണം നടത്തിയ കെയിന്‍ എനര്‍ജി, മധ്യപ്രദേശിലെ പന്ന-മുക്‌ത-തപ്‌തി തീരത്തെ പര്യവേക്ഷണത്തിനു കരാര്‍ ലഭിച്ച ബ്രിട്ടീഷ്‌ ഗ്യാസ്‌ തുടങ്ങിയ കമ്പനികളേയും യു.പി.എ. സര്‍ക്കാര്‍ വഴിവിട്ടു സഹായിച്ചെന്നു കണ്ടെത്തി. മുരളി ദേവ്‌റ പെട്രോളിയം മന്ത്രിയും വി.കെ. സിബല്‍ ഹൈഡ്രോകാര്‍ബണ്‍സ്‌ ഡയറക്‌ടര്‍ ജനറലുമായിരുന്ന സമയത്താണ്‌ ഈ ഇടപാടുകള്‍ നടന്നത്‌.  2ജി സ്‌പെക്‌ട്രം, കോമണ്‍വെല്‍ത്ത്‌, ആദര്‍ശ്‌ കുംഭകോണങ്ങളില്‍ നട്ടംതിരിയുന്ന കേന്ദ്ര സര്‍ക്കാരിനു പെട്രോളിയം കുംഭകോണം പുതിയ തലവേദനയാകും. പ്രതിപക്ഷം പാര്‍ലിമെന്ററില്‍ ഇക്കാര്യം അവതരിപ്പിക്കുന്നതോടെ ചൂടേറിയ വാഗ്വാദങ്ങള്‍ക്കും പ്രധിഷേധങ്ങള്‍ക്കും കാരണമാകും.

അക്ഷയ തൃതീയയും കേന്ദ്ര സര്‍ക്കാരും


gold-bars-epathram
പൗരസമൂഹത്തെ അന്ധവിശ്വാസത്തില്‍ നിന്നും അനാചാരത്തില്‍ നിന്നും മോചിപ്പിച്ച് ശാസ്ത്രബോധത്തിന്റെയും യുക്തിചിന്തയുടേയും സമുന്നത തലത്തില്‍ എത്തിക്കുക എന്ന ഉത്തരവാദിത്തം ഒരു മതേതര രാജ്യത്തെ ഭരണകൂടത്തിനുണ്ട്. അങ്ങനെ ചെയ്തില്ലങ്കില്‍ മൂഢവിശ്വാസങ്ങള്‍ രൂഢമൂലമാകുകയും അതു വഴി വര്‍ഗീയ വിഷ വൃക്ഷങ്ങള്‍ പടര്‍ന്നു പന്തലിക്കുകയും ചെയ്യും. ഇക്കഴിഞ്ഞ അക്ഷയ തൃതീയ ദിനത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ ഒരു പ്രധാനപ്പെട്ട ഓഫീസ് ശൃംഖല ചെയ്തത്, ഹിന്ദു മത അന്ധ വിശ്വാസികളുടെ മഞ്ഞ ലോഹ ഭ്രാന്തിനെ പ്രോത്സാഹിപ്പിക്കുക എന്ന കുറ്റകൃത്യമാണ്.
അക്ഷയ തൃതീയ തീര്‍ത്തും അന്ധ വിശ്വാസമാണ്. അടുത്ത കാലത്ത് മലയാളി കള്‍ക്കിടയില്‍ പടര്‍ന്നു പിടിച്ച ഈ ഹൈന്ദവ ചികുന്‍ഗുനിയ അനാരോഗ്യമല്ലാതെ ഒന്നും തന്നെ പൊതു സമൂഹത്തിനു നല്‍കുന്നില്ല. അക്ഷയ തൃതീയ ദിനത്തില്‍ സ്വര്‍ണം വാങ്ങിയാല്‍ സമൃദ്ധിയുണ്ടാകും എന്ന സ്വര്‍ണ കമ്പോള മുതലാളിമാരുടെ കുപ്രചരണത്തിലാണ് ജനങ്ങള്‍ കുടുങ്ങിയത്. സമൃദ്ധി യുണ്ടാവുകയില്ല എന്നു മാത്രമല്ല, അപകടങ്ങള്‍ ഉണ്ടാകുമെന്നും ദുര്‍മരണങ്ങള്‍ സംഭവിക്കുമെന്നും അന്നുണ്ടായ റോഡപകടങ്ങളുടെ കണക്കു പരിശോധിച്ചാല്‍ മനസിലാക്കാവുന്നതാണ്. പത്മശ്രീ നല്‍കി ഭാരതം ആദരിച്ച ഒരു സിനിമാ നടന്‍ അക്ഷയ തൃതീയ ദിവസം എവിടെ നിന്നു സ്വര്‍ണം വാങ്ങണമെന്നും എവിടെ പണയം വച്ചാല്‍ ഉടന്‍ പണം കിട്ടുമെന്നും കേരളീയരെ ദൃശ്യ മാധ്യമങ്ങളിലൂടെ അറിയിക്കുകയുണ്ടായി. പത്മശ്രീ ജേതാക്കള്‍ അന്ധ വിശ്വാസത്തിലേക്ക് ജനതയെ നയിക്കാന്‍ പ്രേരിപ്പിക്കുന്നത് ശരിയാണോ എന്ന് സ്വയം ചിന്തിക്കുന്നത് നന്നായിരിക്കും. ഏതു പരസ്യ ചിത്രത്തിനു വേണ്ടിയും മുഖവും വാക്കും വില്‍ക്കുവാന്‍ തയ്യാറുള്ളവര്‍ അങ്ങനെ ചിന്തിക്കുമെന്ന് കരുതാന്‍ പ്രയാസമാണ്.
പത്മശ്രീ ജേതാവ് ഒരു വ്യക്തിയാണല്ലോ. എന്നാല്‍ മതേതര രാജ്യത്തെ തപാല്‍ വകുപ്പാണ് അന്ധ വിശ്വാസ പ്രചരണത്തിന് ആളും അര്‍ഥവും നല്‍കി പ്രോത്സാഹിപ്പിച്ചത്. സ്വകാര്യ മേഖലയ്ക്ക് തീറെഴുതി കൊടുക്കുവാന്‍ ശ്രമിക്കുന്നതു കാരണം ഊര്‍ധശ്വാസം വലിക്കുന്ന തപാല്‍ വകുപ്പ് അക്ഷയ തൃതീയയോടനുബന്ധിച്ച് വലിയ പ്രലോഭനങ്ങള്‍ മുന്നോട്ടു വച്ചു. ഈ കാലയളവില്‍ പത്തു ഗ്രാം സ്വര്‍ണ നാണയം വാങ്ങുന്നവര്‍ക്ക് ഒരു ചെറു സ്വര്‍ണ നാണയം സൗജന്യം എന്നു വാഗ്ദാനിച്ചു. 0.5 ഗ്രാം മുതല്‍ 50 ഗ്രാം വരെയുള്ള സ്വര്‍ണ നാണയങ്ങള്‍ തപാല്‍ വകുപ്പ് അന്ധ വിശ്വാസികള്‍ക്കായി ഒരുക്കി വച്ചു. തപാല്‍ വകുപ്പിന്റെ മുദ്ര പതിച്ച 24 കാരറ്റ് പൊന്‍ നാണയങ്ങള്‍ അന്തസുള്ള പായ്ക്കറ്റുകളില്‍ വിതരണത്തിനു തയ്യാറാക്കി. ഇതൊന്നും പോരാഞ്ഞ് അക്ഷയ തൃതീയ മാര്‍ക്ക് പുണ്യ സ്വര്‍ണം വാങ്ങാനെത്തുന്ന എല്ലാ സര്‍ക്കാര്‍ ജീവനക്കാര്‍ക്കും ആറ് ശതമാനം വിലക്കിഴിവും പ്രഖ്യാപിച്ചു. കഴിഞ്ഞ വര്‍ഷം ഈ കൂടോത്ര പ്രയോഗത്തിലൂടെ 52 കിലോ സ്വര്‍ണ നാണയം വിറ്റഴിച്ചു എന്നതാണ് തപാല്‍ വകുപ്പിനു തന്റേടം നല്‍കിയിരിക്കുന്നത്. കേരളത്തിലെ തിരഞ്ഞെടുക്കപ്പെട്ട 23 പോസ്റ്റോഫീസുകളാണ് ഹൈന്ദവ അന്ധ വിശ്വാസത്തിന്റെ രാഖി കെട്ടി ക്കൊടുക്കാന്‍ തയ്യാറെടുത്തു നിന്നത്.
സര്‍ക്കാര്‍ തന്നെ അന്ധ വിശ്വാസത്തെ പ്രോത്സാഹി പ്പിക്കുകയാ ണെങ്കില്‍ പൊതു സമൂഹം പിന്നെ ഏതു ഏജന്‍സിയിലാണ് വിശ്വാസ മര്‍പ്പിക്കേണ്ടത്. സ്വാതന്ത്ര്യ സമര കാലത്ത് സമര ച്ചെലവിനായി ആഭരണങ്ങള്‍ ഊരി വാങ്ങിയ മഹാത്മാ ഗാന്ധിയുടെ ചിത്രമച്ചടിച്ച നോട്ടുകളാണല്ലോ ഇതിനു സാക്ഷിയാവുന്നത്.
അക്ഷയ തൃതീയ എന്ന അന്ധ വിശ്വാസ ത്തിനെതിരെ കലാപരമായ ഒരു പ്രതികരണമുണ്ടായത് ശാസ്ത്ര സാഹിത്യ പരിഷത്തില്‍ നിന്നാണ്. കണ്ണൂര്‍ നഗരത്തില്‍ അവര്‍ അവതരിപ്പിച്ച ‘നിങ്ങളെന്നെ കള്ളനാക്കി’ എന്ന തെരുവു നാടകം കുറേയാളുകളെങ്കിലും ശ്രദ്ധിച്ചു. ഇന്നു സ്വര്‍ണം വാങ്ങാനാണെങ്കില്‍ ഇനി എന്തു വാങ്ങാനും ഓരോ ദിവസം കാണാമെന്ന് കവടി നിരത്തി കപട വാചകങ്ങള്‍ ഉരുവിടുന്ന ജ്യോത്സ്യനും മലയാളികളെന്തേ ഇങ്ങനെ എന്നു ചോദിക്കുന്ന സമൂഹവും ഈ തെരുവു നാടകത്തിലെ കഥാപാത്രങ്ങളായി.
കേരളത്തിന്റെ തനതു കലാ സാന്നിധ്യമായ ചാക്യാരുടെ കാഴ്ചകളിലൂടെയാണ് ഈ നാടകം വികസിപ്പിച്ചെടുത്തത്. കുടുംബ ശ്രീയില്‍ നിന്നും പണം വായ്പയെടുത്ത് സ്വര്‍ണം വാങ്ങുന്ന വീട്ടമ്മയുടെ സ്വര്‍ണം കള്ളന്‍ തട്ടിപ്പറിക്കുന്നതാണ് ഈ നാടകത്തിന്റെ ഇതിവൃത്തം. ഒരു തെരുവു നാടകം കൊണ്ടോ നഗ്‌ന കവിത കൊണ്ടോ കേന്ദ്ര സര്‍ക്കാര്‍ സ്‌പോണ്‍സര്‍ ചെയ്യുന്ന അന്ധ വിശ്വാസത്തെ പ്രതിരോധിക്കാന്‍ കഴിയില്ല എങ്കിലും അത്രയുമായി എന്ന് സമാധാനിക്കാമല്ലോ.
കുരീപ്പുഴ ശ്രീകുമാര്‍

Wednesday 15 June 2011

മണി ചെയിനല്ല, ഇത് കെണി ചെയിന്‍

നാനോ എക്സല്‍ ഡയറക്ടര്‍ ബംഗളൂരുവില്‍ അറസ്റ്റില്‍


ബംഗളൂരു/കൊച്ചി/കല്‍പ്പറ്റ: കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് മണിചെയിന്‍ മാതൃകയില്‍ കോടികള്‍ തട്ടിയ കേസില്‍ നാനോ എക്സല്‍ കോര്‍പറേഷന്‍ ലിമിറ്റഡ് ഡയറക്ടര്‍ പാട്രിക് തോമസിനെ അള്‍സൂര്‍ പൊലീസ് അറസ്റ്റുചെയ്തു. ബംഗളൂരുവില്‍ തട്ടിപ്പു നടത്തിയതുമായി ബന്ധപ്പെട്ട പരാതിയെ തുടര്‍ന്ന് ഞായറാഴ്ചയാണ് ഇയാള്‍ അറസ്റ്റിലായത്. തൃശൂരിലും കൊച്ചിയിലും ഓഫീസുകള്‍ തുറന്നാണ് നാനോ എക്സല്‍ കോര്‍പറേഷന്‍ തട്ടിപ്പു നടത്തിയത്. നടത്തിപ്പുകാര്‍ക്കെതിരെ തൃശൂര്‍ ഈസ്റ്റ്, വെസ്റ്റ്, ചേലക്കര, തൊടുപുഴ, പാലക്കാട്, കണ്ണൂര്‍ തുടങ്ങിയ പൊലീസ് സ്റ്റേഷനുകളില്‍ കേസുണ്ട്. കഴിഞ്ഞ ദിവസം വയനാട് ജില്ലയിലും പരാതികള്‍ ലഭിച്ചിട്ടുണ്ട്.


നാനോ സാങ്കേതികവിദ്യയുടെ മറവില്‍ പ്രവര്‍ത്തനമാരംഭിച്ച നാനോ എക്സല്‍ കമ്പനി 600 കോടിയിലേറെ രൂപയാണ് കേരളത്തില്‍നിന്ന് തട്ടിയത്. കേരളത്തില്‍ പലയിടത്തും ഇപ്പോഴും തട്ടിപ്പ് തുടരുന്നു. ഫെബ്രുവരിയില്‍ തൃശൂര്‍ ജില്ലയില്‍ വില്‍പ്പനനികുതിവകുപ്പിന്റെ വലയിലായതോടെയാണ് നാനോ എക്സല്‍ കമ്പനിയുടെ തട്ടിപ്പ് പുറത്തറിഞ്ഞത്. കേവലം 48 ലക്ഷം രൂപയുടെ വില്‍പ്പനകാണിച്ച് നികുതിവെട്ടിക്കാന്‍ നടത്തിയ ശ്രമമാണ് കൈയോടെ പിടിച്ചത്. 103 കോടിയുടെ വില്‍പ്പന നടത്തിയ കമ്പനിയില്‍നിന്ന് 7.04 കോടി രൂപ നികുതി ഈടാക്കി. എന്നാല്‍ , വെട്ടിപ്പുകേസ് എങ്ങുമെത്തിയില്ല. ഉല്‍പ്പന്നവില്‍പ്പനയും ഓഹരിപിരിവും മണിചെയിന്‍ മാതൃകയില്‍ ആളെചേര്‍ക്കലുമൊക്കെയായി ആയിരക്കണക്കിനാളുകളെയാണ് വഞ്ചിച്ചത്. പ്രധാന പ്രൊമോട്ടര്‍മാരുടെ ഫോണുകള്‍ നിര്‍ജീവമാണ്. കളമശേരി ഉണിച്ചിറയിലെ ഓഫീസും പ്രവര്‍ത്തിക്കുന്നില്ല.


തട്ടിപ്പില്‍ കുടുങ്ങി ലക്ഷങ്ങള്‍ നഷ്ടപ്പെട്ട നിരവധിപേര്‍ വയനാട് ജില്ലയിലെ അമ്പലവയല്‍ പൊലീസിന് പരാതി നല്‍കി. 12,000 രൂപയാണ് നാനോയിലെ കുറഞ്ഞ നിക്ഷേപത്തുക. 10 രൂപ വിലയുള്ള 1,200 ഷെയറുകളാണ് 12,000 രൂപ അടയ്ക്കുന്നവര്‍ക്ക് നല്‍കുക. പണം അടച്ച് നാല് മാസം കഴിയുമ്പോള്‍ കമ്പനി 3,000 രൂപയും അടുത്ത നാല് മാസത്തില്‍ വീണ്ടും 3,000 രൂപയും തിരിച്ചുനല്‍കും. ഒരുവര്‍ഷമെത്തുമ്പോള്‍ 12,000 രൂപയും നല്‍കും. ചുരുക്കത്തില്‍ 12,000 രൂപയുടെ കുറഞ്ഞ നിക്ഷേപം നടത്തിയാല്‍ ഒരുവര്‍ഷത്തിനകം 18,000 രൂപയാണ് തിരിച്ചുനല്‍കുന്നത്. അഞ്ചുവര്‍ഷത്തേക്ക് ഇത് അതേപടി തുടരുമെന്ന് വിശ്വസിപ്പിച്ചതായി 36,000 രൂപ അടച്ച കല്‍പ്പറ്റയിലെ ഒരു വീട്ടമ്മ "ദേശാഭിമാനി"യോട് പറഞ്ഞു.


പണമടച്ചത് ചിട്ടിപിടിച്ചും സ്വര്‍ണം പണയപ്പെടുത്തിയും


കൊച്ചി/കല്‍പ്പറ്റ: അതിവേഗം പണമുണ്ടാക്കാനുള്ള നാനോ എക്സല്‍ കോര്‍പറേഷന്റൈ മോഹനവാഗ്ദാനത്തിലേക്ക് പലരും എടുത്തുചാടിയത് ചിട്ടിപിടിച്ചും സ്വര്‍ണവും വസ്തുകളും പണയം വച്ചും. 12,000 രൂപ നല്‍കിയാല്‍ അഞ്ചുവര്‍ഷത്തിനകം 1.80 ലക്ഷം തിരികെലഭിക്കുമെന്ന വാഗ്ദാനമാണ് പലരും കണ്ണുമടച്ച് വിശ്വസിച്ചത്. ഏതാനും മാസം മുമ്പ് തൃശൂരില്‍ നികുതിവെട്ടിപ്പിന് പിടിയിലായതോടെയാണ് കമ്പനിയുടെ തട്ടിപ്പ് പുറത്തുവന്നത്. എന്നാല്‍ , നാനോ എക്സല്‍ കമ്പനിയുടെ തട്ടിപ്പ് സംസ്ഥാനത്ത് ഇപ്പോഴും തുടരുന്നതായി നേരത്തെ വഞ്ചിക്കപ്പെട്ടവര്‍ പറഞ്ഞു. ഹൈദരാബാദ് ആസ്ഥാനമായ കമ്പനി ഇതുവരെ 600 കോടിയിലേറെ രൂപ സംസ്ഥാനത്തുനിന്നു മാത്രം തട്ടിയെടുത്തതായാണ് കണക്ക്. ഇതുസംബന്ധിച്ച വാര്‍ത്ത അറിയാത്തവര്‍ ഇപ്പോഴും പല പ്രദേശത്തും തട്ടിപ്പിന് ഇരയാകുന്നുണ്ട്. കമ്പനി വാഗ്ദാനംചെയ്ത ഉല്‍പ്പന്നങ്ങള്‍ മാത്രമല്ല, പണമടച്ചതിന്റെ രസീതുപോലും പിന്നീട് ആര്‍ക്കും കിട്ടാതായി. കമീഷനെന്നപേരില്‍ ആദ്യഘട്ടത്തില്‍ നാമമാത്രമായെങ്കിലും പണംകിട്ടിയവര്‍ വീണ്ടും പണമടച്ച് വഞ്ചിതരായി.


നാനോ സാങ്കേതികവിദ്യയെക്കുറിച്ച് പൊതുജനങ്ങള്‍ക്കുള്ള അജ്ഞത മുതലെടുത്താണ് കമ്പനിയുടെ വളര്‍ച്ച. രണ്ടുവര്‍ഷംമുമ്പ് ഏപ്രിലില്‍ തൃശൂരിലായിരുന്നു കേരളത്തിലെ തുടക്കം. 12,000 മുതല്‍ 1.80 ലക്ഷം രൂപവരെ അംഗത്വത്തിന് ഈടാക്കുമ്പോള്‍ ഹൃദയാഘാതം തടയുന്ന നാനോ പവര്‍കാര്‍ഡ്മുതല്‍ നാനോ സാങ്കേതികവിദ്യയില്‍ അരുണാചല്‍പ്രദേശില്‍ സ്ഥാപിക്കുന്ന ഹൈഡ്രോ ഇലക്ട്രിക് പവര്‍സ്റ്റേഷന്റെ ഓഹരിവരെയാണ് വിറ്റിരുന്നത്. കൊളസ്ട്രോള്‍ കുറയ്ക്കാന്‍ , ശരീരദുര്‍ഗന്ധം അകറ്റാന്‍ , സ്തനവളര്‍ച്ചയ്ക്ക്, മുറിവുണക്കാന്‍ , ശരീരപുഷ്ടിക്ക് തുടങ്ങി എളുപ്പത്തില്‍ ഉറക്കംവരാന്‍പോലുമുള്ള നാനോ കാര്‍ഡുകള്‍ വില്‍പ്പനയ്ക്കുണ്ടായിരുന്നു. ഭക്ഷണത്തിന് സ്വാദുകൂട്ടാനുള്ള ബയോ കുക്കിങ് സ്റ്റോണ്‍ , വസ്ത്രങ്ങളുടെ ആയുസ്സുകൂട്ടാനുള്ള വാഷിങ് സ്റ്റോണ്‍ , സര്‍വരോഗസംഹാരികളായ നാനോ വള, മാല, കിടക്കവിരി എന്നിവയാണ് ഉല്‍പ്പന്നനിരയിലുള്ളത്. സാധാരണ അന്തരീക്ഷ ഊഷ്മാവില്‍ ഇന്‍ഫ്രാ റെഡ് രശ്മികള്‍ പുറത്തുവിട്ട് ഇവ ആരോഗ്യം പ്രദാനംചെയ്യുന്നുവെന്നായിരുന്നു കമ്പനിയുടെ വിശദീകരണം.


ലക്ഷങ്ങള്‍ നഷ്ടപ്പെട്ട നിരവധിപേര്‍ വയനാട് ജില്ലയിലെ അമ്പലവയല്‍ പൊലീസില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തു. സര്‍ക്കാര്‍ ജീവനക്കാരാണ് തട്ടിപ്പില്‍ കുടുങ്ങിയവരില്‍ ഏറെയും. വിരമിക്കുമ്പോള്‍ ലഭിച്ച തുകയപ്പാടെ നാനോയില്‍ നിക്ഷേപിച്ചവര്‍ കല്‍പ്പറ്റയിലും അമ്പലവയലിലും ഉണ്ട്. ഒന്നേകാല്‍ ലക്ഷം നിക്ഷേപിച്ചവര്‍ കല്‍പ്പറ്റ എമിലിയിലുണ്ട്. അമ്പലവയല്‍ ഭാഗത്തുനിന്ന് ഏഴ് കോടിയിലേറെ രൂപ നിക്ഷേപമായി നാനോ സമാഹരിച്ചിട്ടുണ്ടെന്നാണ് പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നത്. നാനോക്കെതിരായി പരാതികള്‍ ഉയരുമ്പോള്‍ ഉപയോക്താക്കളെ വഴിതെറ്റിക്കാന്‍ ഇടനിലക്കാരായും ചിലര്‍ അവതരിച്ചിട്ടുണ്ടെന്ന് തുകയടച്ചവര്‍ പറയുന്നു. ഒപ്പംതന്നെ ഉപയോക്താക്കള്‍ക്ക് എസ്എംഎസും അയക്കുന്നുണ്ട്. "മാര്‍ക്കറ്റിങ് തട്ടിപ്പുകളായി ചിലര്‍ ഇറങ്ങിയിട്ടുണ്ട്. ഇത്തരം തട്ടിപ്പുകള്‍ കണ്ടാല്‍ അള്‍സുര്‍ പൊലീസ് സ്റ്റേഷനില്‍ അറിയിക്കുന്നവര്‍ക്ക് സമ്മാനം നല്‍കും" എന്നാണ് ഒരു മെസേജ്. ബേബി ജോസ്, സജീവ് രാജ്, ജീവന്‍ ഫിലിപ്പ്, ഷിനോയ് എന്നിവരാണ് തെറ്റായ നീക്കങ്ങള്‍ക്ക് പിന്നിലെന്നാണ് മറ്റൊരു മെസേജ്.


തലസ്ഥാനത്തും കൊച്ചിയിലും ആര്‍എംപി ഓഫീസില്‍ റെയ്ഡ്


കല്‍പ്പറ്റ: മണിചെയിന്‍ തട്ടിപ്പ് കേസില്‍ ആര്‍എംപി ഇന്‍ഫോടെക് കമ്പനിയുടെ തിരുവനന്തപുരം, കൊച്ചി ഓഫീസുകള്‍ പൊലീസ് റെയ്ഡ് നടത്തി അടച്ചുപൂട്ടി. ഇരു ഓഫീസുകളില്‍നിന്നും നിരവധി രേഖകള്‍ പൊലീസ് കണ്ടെടുത്തു. സംസ്ഥാനത്തിനകത്തും പുറത്തുംനിന്നായി ലക്ഷക്കണക്കിനാളുകളെ ആര്‍എംപിയില്‍ ചേര്‍ക്കുകയും കോടികള്‍ പിരിച്ചെടുക്കുകയും ചെയ്തതായാണ് പൊലീസ് നിഗമനം. അമ്പലവയല്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത രണ്ട് കേസുകളുടെ അടിസ്ഥാനത്തില്‍ വയനാട് പൊലീസാണ് തിരുവനന്തപുരത്തും കൊച്ചിയിലും റെയ്ഡ് നടത്തിയത്. തിരുവനന്തപുരത്ത് തമ്പാനൂരില്‍ പ്രവര്‍ത്തിക്കുന്ന ഓഫീസ് വൈത്തിരി സിഐ പ്രേമദാസിന്റെ നേതൃത്വത്തിലുള്ള ഏഴംഗ സംഘമാണ് റെയ്ഡ് നടത്തിയത്. ചൊവ്വാഴ്ച രാവിലെ തുടങ്ങിയ പരിശോധനയില്‍ പരാതിക്കടിസ്ഥാനമായ ഒട്ടേറെ രേഖകള്‍ പിടികൂടി. ഒമ്പത് കംപ്യൂട്ടര്‍ ഹാര്‍ഡ് ഡിസ്ക്, 29 രേഖകള്‍ , മൂന്ന് ഡിമാന്‍ഡ് ഡ്രാഫ്റ്റ് എന്നിവ പൊലീസ് കസ്റ്റഡിയിലെടുത്തു. ഓഫീസിലുണ്ടായിരുന്ന ആറ് ജീവനക്കാരെ ചോദ്യം ചെയ്തെങ്കിലും കമ്പനിയെക്കുറിച്ച് ഒന്നുമറിയില്ലെന്നാണ് അവര്‍ പൊലീസിനോട് പറഞ്ഞത്. കുറഞ്ഞ ശമ്പളത്തിനാണ് ഇവര്‍ ജോലി ചെയ്യുന്നത്. കമ്പനിയുടെ എംഡിയുള്‍പ്പെടെയുള്ളവരെയൊന്നും നേരിട്ട് അറിയില്ലെന്നും ഇവര്‍ പറഞ്ഞു.


കൊച്ചി പാലാരിവട്ടത്ത് പ്രവര്‍ത്തിക്കുന്ന ആര്‍എംപിയുടെ ഓഫീസ് കേസ് അന്വേഷിക്കുന്ന വയനാട് ക്രൈം ഡിറ്റാച്ച്മെന്റ് ഡിവൈഎസ്പി കെ കെ മാര്‍ക്കോസിന്റെ നേതൃത്വത്തിലാണ് റെയ്ഡ് ചെയ്തത്. അമ്പലവയല്‍ പൊലീസിന് ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്. അമ്പുകുത്തിയിലെ കാലപ്പറമ്പില്‍ അഷ്റഫ്, തോനത്ത് സുനില്‍കുമാര്‍ എന്നിവരാണ് പരാതിയുമായി പൊലീസിനെ സമീപിച്ചത്. ഇതിന്റെയടിസ്ഥാനത്തില്‍ ആര്‍എംപിക്കെതിരെ കേസും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കൊച്ചി ഓഫീസില്‍നിന്ന് നിരവധി രേഖകള്‍ കണ്ടെടുത്തതായി പൊലീസ് അറിയിച്ചു.

"കൃസ്ത്യാനി"യായ ചാര്‍ളി ചാപ്ലിനെതിരെയും ഹിന്ദുത്വ സംഘം



ഒരു സിനിമാ ഷൂട്ടിങ്ങിനായി കര്‍ണ്ണാടകത്തിലെ കുന്ദാപുര്‍ താലൂക്കിലെ ഒട്ടിനേനെ കടപ്പുറത്ത് വിഖ്യാത കൊമേഡിയന്‍ ചാര്‍ളി ചാപ്ലിന്റെ പ്രതിമ സ്ഥാപിക്കാന്‍ ശ്രമിച്ച സിനിമാ പ്രവര്‍ത്തകരെ ഹിന്ദുത്വവാദികള്‍ തടഞ്ഞു. ചാര്‍ളി ചാപ്ലിന്‍ കൃസ്ത്യാനിയായതിനാല്‍ പ്രതിമ സ്ഥാപിക്കാന്‍ അനുവദിക്കില്ല എന്നായിരുന്നു ഇവരുടെ വാദം. “ഹൌസ്‌ഫുള്‍” എന്ന കന്നഡ സിനിമയുടെ സംവിധായകനായ ഹേമന്ത് ഹെഗ്ഡേക്കാണ് ഈ വിചിത്രമായ അനുഭവം ഉണ്ടായത്. ഹിന്ദുത്വ വാദികള്‍ ആയിരുന്നു എന്നല്ലാതെ ഏത് സംഘമായിരുന്നു ഇതിനു പിന്നില്‍ എന്ന് വെളിപ്പെടുത്താന്‍ താന്‍ തയ്യാറല്ല എന്നാണ് ഇദ്ദേഹം പറഞ്ഞത്. തങ്ങളെ തടഞ്ഞവര്‍ ഭജ്‌രംഗ് ദള്‍ ആണോ അതോ വേറെ ഏതെങ്കിലും ഹിന്ദു തീവ്രവാദ സംഘമാണോ എന്നൊന്നും താന്‍ വെളിപ്പെടുത്തില്ല. അടുത്തുള്ള സോമേശ്വര ക്ഷേത്രത്തിനെ ബാധിക്കും എന്നായിരുന്നു ഇവര്‍ ആദ്യം പറഞ്ഞത്. എന്നാല്‍ പിന്നീട് ഇവര്‍ ചാപ്ലിന്‍ കൃസ്ത്യാനിയായത് കൊണ്ട് അദ്ദേഹത്തിന്റെ പ്രതിമ സ്ഥാപിക്കാന്‍ സമ്മതിക്കില്ല എന്ന്‍ പറഞ്ഞു. എപ്പോഴും വിനോദ സഞ്ചാരികളെ ആകര്‍ഷിക്കുന്ന ഈ സുന്ദരമായ കടപ്പുറത്ത് ചാപ്ലിന്റെ പ്രതിമ സ്ഥാപിച്ച് രണ്ട് ഗാനങ്ങളുടെ ചിത്രീകരണം നടത്തണം എന്നായിരുന്നു തങ്ങളുടെ പദ്ധതി. എതിര്‍പ്പുകള്‍ നേരിട്ടതിനെ തുടര്‍ന്ന് സിനിമയുടെ ചിത്രീകരണം വേറെ ഏതെങ്കിലും കടപ്പുറത്തേക്ക് മാറ്റാനുള്ള തയ്യാറെടുപ്പിലാണ് ഹെഗ്ഡേയും സംഘവും.




സിനിമാ സംഘത്തിന് കടപ്പുറത്ത് വെച്ച് ഷൂട്ടിങ്ങിനുള്ള അനുമതി നല്‍കിയിരുന്നതായി ഉഡുപ്പി ജില്ലാ ഡെപ്യൂട്ടി കമ്മീഷണര്‍ ഹേമലത അറിയിച്ചു.

ഗ്വാണ്ടാണമോയില്‍ ഒന്നും മാറിയിട്ടില്ല




 

ബറക് ഒബാമ അമേരിക്കന്‍ പ്രസിഡണ്ട് ആവുന്നതിന് മുന്‍പും ശേഷവും തനിക്ക് ദിവസേന കിട്ടുന്ന മര്‍ദ്ദനം അതേ പോലെ തുടരുന്നു എന്ന് കുപ്രസിദ്ധമായ ഈ അമേരിക്കന്‍ തടവറയില്‍ നിന്നും ഫോണില്‍ സംസാരിച്ച ഒരു തടവുകാരന്‍ വെളിപ്പെടുത്തി. ആഫ്രിക്കയിലെ സുഡാന്‍, നൈജര്‍ എന്നീ രാജ്യങ്ങളുടെ ഇടയില്‍ സ്ഥിതി ചെയ്യുന്ന ഷാഡ് എന്ന രാജ്യത്തില്‍ നിന്നുമുള്ള മുഹമ്മദ് അല്‍ ഖുറാനി എന്ന തടവുകാരനാണ് ഈ വെളിപ്പെടുത്തല്‍ നടത്തിയത്.

തീവ്രവാദ കുറ്റത്തില്‍ നിന്നും വിമുക്തമാക്കിയ തടവുകാര്‍ക്ക് ആഴ്ചയില്‍ ഒരിക്കല്‍ ഒരു ബന്ധുവിനെ ഫോണില്‍ വിളിക്കുവാന്‍ ഇവിടെ അനുവാദം ഉണ്ട്. ഇങ്ങനെ ഫോണില്‍ ബന്ധുവുമായി സംസാരിക്കുന്നതിന് ഇടയില്‍ ബന്ധു ഫോണ്‍ അല്‍ ജസീറയുടെ റിപ്പോര്‍ട്ടര്‍ക്ക് കൈമാറുകയും അങ്ങനെ ഈ വിവരങ്ങള്‍ മാധ്യമങ്ങള്‍ക്ക് വെളിപ്പെടുകയും ആണ് ഉണ്ടായത്.




കുറ്റവിമുക്തം ആക്കപ്പെട്ടതിനു ശേഷവും തന്നെ നടക്കുവാനോ സാധാരണ ഭക്ഷണം കഴിക്കുവാനോ അനുവദിക്കാഞ്ഞതില്‍ താന്‍ പ്രതിഷേധിച്ചു. ഇതിനെ തുടര്‍ന്ന് ആറ് പട്ടാളക്കാര്‍ സുരക്ഷാ കവചങ്ങളും മുഖം മൂടികളും ഒക്കെ ധരിച്ച് തന്റെ മുറിയില്‍ കയറി വന്ന് രണ്ട് കാന്‍ കണ്ണീര്‍ വാതകം പൊട്ടിച്ചു. വാതകം അറയില്‍ നിറഞ്ഞപ്പോള്‍ തനിക്ക് ശബ്ദിക്കുവാനോ കണ്ണ് തുറന്നു പിടിക്കുവാനോ കഴിയാതെ ആയി. ഇരു കണ്ണുകളില്‍ നിന്നും കണ്ണീര്‍ വരുവാനും തുടങ്ങി. തുടര്‍ന്ന് റബ്ബര്‍ ദണ്ട് കോണ്ട് തനിക്ക് പൊതിരെ തല്ല് കിട്ടി. ഒരാള്‍ തന്റെ തല പിടിച്ച് തറയില്‍ ഇടിച്ചു കൊണ്ടിരുന്നു. താന്‍ അലറി കരഞ്ഞു കോണ്ട് പട്ടാളക്കാരുടെ നേതാവിനോട് പരാതിപ്പെട്ടപ്പോള്‍ അവര്‍ തങ്ങളുടെ ഉത്തരവാദിത്തം നിറവേറ്റുക മാത്രമാണ് ചെയ്യുന്നത് എന്നായിരുന്നു പൊട്ടിച്ചിരിച്ചു കൊണ്ട് അയാളുടെ പ്രതികരണം എന്നും ഖുറാനി പറയുന്നു.




ഏതാണ്ട് 240 തടവുകാരാണ് ഇപ്പോള്‍ ഈ തടവറയില്‍ കഴിയുന്നത്. ഇതില്‍ പലരും കുറ്റം പോലും ചുമത്തപ്പെടാതെയാണ് കഴിഞ്ഞ ഏഴു വര്‍ഷമായി ഇവിടെ അകപ്പെട്ടിരിക്കുന്നത്. 2001ലെ വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണത്തെ തുടര്‍ന്ന് ഇസ്ലാമിക ഭീകരര്‍ക്ക് എതിരെ അമേരിക്കന്‍ പ്രസിഡണ്ട് ജോര്‍ജ്ജ് ബുഷ് പ്രഖ്യാപിച്ച സന്ധിയില്ലാ യുദ്ധത്തിന്റെ ഭാഗം ആയാണ് ക്യൂബയിലെ അമേരിക്കന്‍ പട്ടാള ക്യാമ്പില്‍ ഈ തടവറ നിര്‍മ്മിക്കപ്പെട്ടത്. സ്ഥാനമേറ്റ ഉടന്‍ ഇവിടത്തെ ഓരോ തടവുകാരന്റേയും കേസ് വിശദമായി പരിശോധിക്കും എന്നും 2010 ഓടെ ഈ തടവറ അടച്ചു പൂട്ടും എന്നും ഒബാമ പ്രഖ്യാപിച്ചിരുന്നു.

കാണാതാവുന്ന സ്ത്രീകളുടെ ഞെട്ടിപ്പിയ്ക്കൂന്ന കണക്ക് - നാരായണന്‍ വെളിയന്‍കോട്



കേരളത്തില്‍ കാണാതാവുന്ന സ്‌ത്രികളുടെ എണ്ണത്തില്‍ വന്ന വന്‍ വര്‍ദ്ധനവിന്റെ ഞെട്ടിപ്പിക്കുന്ന കണക്കാണിത്. വളരെ ഗൗരവമായ ഈ ഒരു പ്രശ്നം കാര്യമായ ചര്‍ച്ചയ്ക്കും പ്രതികരണങ്ങള്‍ക്കും അവതരിപ്പിക്കുന്നു. എന്താണിതിന് കാരണം? എന്താണിതിന് പ്രതിവിധി? കേരളത്തില്‍ നിന്ന് ദിനം പ്രതി കാണാതാവുന്ന സ്‌ത്രികളുടെയും കുട്ടികളുടെയും എണ്ണം കൂടി ക്കൊണ്ടിരിക്കുന്നു ‌വെന്ന വാര്‍ത്ത അത്യന്തം ആശങ്കാ ജനകമാണ്. രണ്ടായിരത്തി അഞ്ചു മുതല്‍ രണ്ടായിരത്തി എട്ടു വരെ കാണാതായ സ്‌ത്രികളുടെയും കുട്ടികളുടെയും എണ്ണം 9404 ആണ്. കേരള സംസ്ഥാന പോലീസ് വകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ക്രൈം റിക്കാര്‍ഡ് ബ്യൂറോവിന്റെതാണ് ഈ ഞെട്ടിപ്പിക്കുന്ന കണക്ക്.




കേരളത്തില്‍ ഓരോ മൂന്നു മണിക്കൂറിലും ഒരു സ്‌ത്രിയേയോ കുട്ടിയെയോ കാണാതാവുന്നു. ഇരുപത്തി നാലു മണിക്കൂറിനുള്ളില്‍ എട്ടു പേരാണ് വീടു വിട്ടു പോകുന്നത്. സെക്സ് റാക്കറ്റ് വല വീശി പ്പിടിച്ച് അന്യ പ്രദേശത്തേക്ക് കയറ്റി അയക്കുന്നതായാലും പ്രേമ ബന്ധങ്ങളില്‍ പെട്ട് ഒളിച്ചോടുന്ന വരായാലും ഇവരെയൊക്കെ മിസ്സിങ് ലിസ്റ്റിലാണ് ഉള്‍പ്പെടുത്തുന്നത്.




മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് സ്‌ത്രികള്ക്കും കുട്ടികള്‍ക്കും ഏറ്റവും സുരക്ഷിതമെന്ന് കരുതുന്ന സംസ്ഥാനമാണ് കേരളം. വിദ്യാഭ്യാസ രംഗത്തും പോലീസിന്റെ കാര്യക്ഷമതയിലും മുന്നിലുള്ള സംസ്ഥാനത്ത് കാണാതാവുന്നതും വീടു വിട്ടിറങ്ങി പ്പോകുന്നതുമായ സ്‌ത്രികളും കുട്ടികളും എവിടേയ്ക്കാണ് പോകുന്നതെന്ന കാര്യത്തില്‍ ഗൌരവമായ അന്വേഷണവും പഠനവും ആവശ്യമായിരിക്കുന്നു. രണ്ടായിരത്തി അഞ്ചു മുതല്‍ രണ്ടായിരത്തി എട്ടു വരെ കേരളത്തീല്‍ നിന്ന് കാണാതായ സ്‌ത്രികളില്‍ ആയിരത്തി അഞൂറോളം പേരെ ഇനിയും കണ്ടെത്തിയിട്ടില്ല.




ഇവര്‍ ജീവിച്ചിരിക്കുന്നോ മരിച്ചോ അതോ ഏതെങ്കിലും സെക്സ് റാക്കറ്റിന്റെ പിടിയില്‍ പെട്ടോ എന്നൊന്നും ആര്‍ക്കും പറയാന്‍ കഴിയുന്നില്ല.




2005 ല്‍ മൊത്തം 1977 പേരെയാണ് കാണാതായിരിക്കുന്നത്. ഇതില്‍ ആയിരത്തി ഇരുന്നൂറ്റി എഴുപതു പേര്‍ പതിനെട്ട് വയസ്സിന് മുകളില്‍‌ പ്രായമുള്ള സ്‌ത്രികളാണ് ‍. മുന്നൂറ്റി നാല്‍‌പ്പത്തി ഏഴ് പേര്‍ പതിനെട്ട് വയസ്സിന് താഴെയുള്ള ആണ്‍കുട്ടികളാണ് ‍. മുന്നൂറ്റി അറുപതു പേര്‍ പതിനെട്ടു വയസ്സിന് താഴെ പ്രായമുള്ള പെണ്‍കുട്ടികളാണ്.




2006 ല്‍ മൊത്തം കാണാതായവരുടെ എണ്ണം 2881 ആണ്. ഇതില്‍ 1834 പേര്‍ 18 വയസ്സിന് മേലെ പ്രായമുള്ള സ്‌ത്രികളും 547 പേര്‍ 18 വയസ്സിന് താഴെ പ്രായമുള്ള ആണ്‍കുട്ടികളും 547 പേര്‍ 18 വയസ്സിന് താഴെ പ്രായമുള്ള പെണ്‍കുട്ടികളുമാണ്.




2007 ല്‍ മൊത്തം കാണാതായവരുടെ എണ്ണം 3135 ആണ്. അതില്‍ 2167 പേര്‍ 18 വയസ്സിന് മുകളില്‍ പ്രായമുള്ള സ്‌ത്രികളൂം 447 പേര്‍ 18 വയസ്സിന് താഴെ പ്രായമുള്ള ആണ്‍കുട്ടികളും 521 പേര്‍ 18 വയസ്സിന് താഴെ പ്രായമുള്ള പെണ്‍കുട്ടികളുമാണ്.




2008 ല്‍ ഇതു വരെ 1471 പേരെ കാണാതായിട്ടുണ്ട്. ഇതില്‍ 18 വയസ്സിന് മുകളില്‍ പ്രായമായ സ്‌ത്രികളുടെ എണ്ണം 205 ആണ്. 18 വയസ്സിന് താഴെ പ്രായമുള്ള ആണ്‍കുട്ടികളുടെ എണ്ണം 258 ഉം പെണ്‍കുട്ടികളുടെ എണ്ണം 258 ഉം ആണ്.




ഏറ്റവും കൂടുതല്‍ ആളുകളെ കാണാതായിരിക്കുന്നത് തിരുവനന്തപുരം ജില്ലയില്‍ നിന്നാണ്.




- നാരായണന്‍ വെളിയന്‍കോട് 

താലിബാന്‍ പെണ്‍‌കുട്ടികളെ ബലമായി വിവാഹം കഴിപ്പിക്കുന്നു



വിനോദ സഞ്ചാരികളുടെ പറുദീസ ആയി ഒരു കാലത്തു പ്രശസ്തം ആയിരുന്ന പാക്കിസ്ഥാനിലെ സ്വാറ്റ് താഴ്വര താലിബാന്‍ പോരാളികളുടെ പിടിയില്‍ ആയിട്ട് കുറെ കാലം ആയി. ജിഹാദിന്റെ പേരില്‍ തങ്ങളുടെ ഇഷ്ടങ്ങള്‍ക്ക് എതിര്‍ നില്‍ക്കുന്നവരുടെ തല വെട്ടിയും കൊന്നൊടുക്കിയും ഇക്കൂട്ടര്‍ ഈ പ്രദേശം അടക്കി വാഴുന്നു. കോഴിയെ കൊല്ലുന്നത് പോലെയാണ് താലിബാന്‍ മനുഷ്യരെ കൊന്നൊടുക്കുന്നത് എന്ന് പ്രൈമറി സ്കൂള്‍ അധ്യാപകയായ സല്‍മ പറയുന്നു. പാക്കിസ്ഥാനിലെ ഒരു പ്രമുഖ ദിന പത്രമായ ഡോണ്‍നു നല്കിയ ഒരു അഭിമുഖത്തില്‍ ആണ് ഈ വെളിപ്പെടുത്തല്‍. അടുത്തയിടെ ഒരു പുതിയ പ്രവണത കണ്ടു വരുന്നതായും ഇവര്‍ പറയുന്നു. പ്രായ പൂര്‍ത്തിയായ വിവാഹം കഴിക്കാത്ത പെണ്‍ കുട്ടികളുടെ അച്ഛന്‍‍‌മാര്‍‍ ഈ വിവരം അടുത്തുള്ള പള്ളിയില്‍ അറിയിക്കണം എന്ന് താലിബാന്‍ ഉത്തരവിട്ടുവത്രേ. ഈ പെണ്‍ കുട്ടികളെ താലിബാന്‍ പോരാളികള്‍ക്ക് വിവാഹം ചെയ്യാന്‍ വേണ്ടിയാണ് ഇത്. വിവാഹത്തിന് തയ്യാര്‍ ആവാത്തവരെ താലിബാന്റെ നേതൃത്വത്തില്‍ തങ്ങളുടെ പോരാളികളെ കൊണ്ടു ബലമായി കല്യാണം കഴിപ്പിക്കുന്നു എന്നും ഇവര്‍ വെളിപ്പെടുത്തി.




അഫ്ഘാനിസ്ഥാനില്‍ നടപ്പിലാക്കിയത് പോലെയുള്ള നിയന്ത്രണങ്ങള്‍ സ്ത്രീകള്‍ക്ക് മേലെ ഇവിടെയും താലിബാന്‍ നടപ്പിലാക്കിയിട്ടുണ്ട്. ഏഴ് വയസിനു മുകളില്‍ പ്രായമുള്ള പെണ്‍ കുട്ടികള്‍ക്ക് ഒറ്റയ്ക്ക് വീടിനു പുറത്തിറങ്ങാന്‍ വിലക്കുണ്ട്. വിലക്ക് ലംഘിച്ചു വീടിനു പുറത്തിറങ്ങുന്ന പെണ്‍ കുട്ടികളെ ഇവര്‍ വധിക്കുന്നു. സ്ത്രീകള്‍ വീടിനു പുറത്തിറങ്ങുന്നത് ബന്ധുവായ ഒരു പുരുഷന്റെ അടമ്പടിയോടു കൂടെ മാത്രം ആയിരിക്കണം. കൈയില്‍ ഔദ്യോഗിക തിരിച്ചറിയല്‍ കാര്‍ഡ് കരുതുകയും വേണം. വിവാഹിതരായ ദമ്പതികള്‍ വീടിനു പുറത്തിറങ്ങുമ്പോള്‍ വിവാഹ സര്‍ട്ടിഫിക്കറ്റ് കൈയില്‍ കരുതണം.




സ്ത്രീകളുടെ വിദ്യാഭ്യാസം താലിബാന്‍ നേരത്തെ തന്നെ നിരോധിച്ചിരുന്നു. ഇതോടൊപ്പം സ്ത്രീകള്‍ ജോലി ചെയ്യുന്നത് കൂടി നിരോധിച്ചത് സല്‍മയുടെ വിദ്യാര്‍ത്ഥിനികളെ കൂടാതെ സഹ പ്രവര്‍ത്തകരായ അധ്യപികമാരെയും കൂടെ കടുത്ത പ്രതിസന്ധിയില്‍ ആക്കിയിരിക്കുന്നു. വൃദ്ധരായ മാതാ പിതാക്കള്‍ മാത്രം വീട്ടില്‍ ഉള്ള ഇവരില്‍ പലരും കുടുംബത്തിന്റെ ഏക ആശ്രയം ആണ്. ഇവര്‍ക്ക് ജോലി നഷ്ടപെട്ടാല്‍ ഇവരുടെ കുടുംബത്തിന്റെ കാര്യം പ്രതിസന്ധിയില്‍ ആവും. ഈ കാര്യങ്ങള്‍ പറഞ്ഞ് ഇവരുടെ പ്രശ്നങ്ങള്‍ എഴുതി കൊടുക്കുവാന്‍ ഇവരുടെ പ്രധാന അധ്യാപകന്‍ ഇവരോട് ആവശ്യപ്പെ ട്ടിട്ടുണ്ടത്രേ. ഇത് ഇവര്‍ താലിബാന് അയച്ചു കൊടുത്തു നിയന്ത്രണത്തില്‍ എന്തെങ്കിലും ഇളവ് നേടാനാണ് ഉദ്ദേശിക്കുന്നത്. എന്നാല്‍ ഇതിന് പോലും പലര്‍ക്കും ഭയമാണ്. മുന്‍പ് ഇതു പോലെ പെണ്‍ കുട്ടികളുടെ വിദ്യാഭ്യാസത്തെ അനുകൂലിച്ച ബഖ്ത് സേബ എന്ന ഒരു വനിതാ പ്രവര്‍ത്തകയോട് താലിബാന്‍ ഉടന്‍ എല്ലാ പ്രവര്‍ത്തനങ്ങളും നിര്‍ത്തി വെക്കണം എന്ന് ആവശ്യപ്പെട്ടിരുന്നു. ഇവര്‍ അശരണരായ പെണ്‍ കുട്ടികളുടെ വിവാഹ ചെലവുകള്‍ക്ക്‌ ഉള്ള പണം സ്വരൂപിച്ചു നല്‍കുകയും ദരിദ്രരായ പെണ്‍ കുട്ടികള്‍ക്ക് യൂനിഫോര്‍മും പുസ്തകങ്ങളും മറ്റും എത്തിച്ചു കൊടുക്കുകയും ചെയ്യാറുണ്ടായിരുന്നു. എന്നാല്‍ ഇത്തരം എല്ലാ പ്രവര്‍ത്തനങ്ങളും താലിബാന്‍ അനാശാസ്യം എന്ന് മുദ്ര കുത്തിയാണ് സ്ത്രീകളെ അടക്കി നിര്‍ത്തുന്നത്. താലിബാന്റെ ഭീഷണിക്ക് മുന്‍പില്‍ വഴങ്ങാഞ്ഞ ഇവരെ അടുത്ത ദിവസം വീട്ടിലെത്തി വെടി വെച്ചു കൊല്ലുകയായിരുന്നു. ജോലിക്ക് പോയിരുന്ന പന്ത്രണ്ടോളം സ്ത്രീകളെ ഇതു പോലെ "അനാശാസ്യം" എന്ന് മുദ്ര കുത്തി താലിബാന്‍ തന്റെ ഗ്രാമത്തില്‍ കൊന്നൊടുക്കി എന്ന് പേര് വെളിപ്പെടുത്താന്‍ ഭയമുള്ള ഒരു വനിതാ പ്രവര്‍ത്തക പറഞ്ഞു എന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.




- ഗീതു